'അല്‍ മുഹദ്ദിസാത്'; മുസ്‌ലിം സ്ത്രീകളുടെ പ്രൗഢമായ ചരിത്രം പറയുന്ന ഗ്രന്ഥം

2022-09-15

'അല്‍ മുഹദ്ദിസാത്'; മുസ്‌ലിം സ്ത്രീകളുടെ പ്രൗഢമായ ചരിത്രം പറയുന്ന ഗ്രന്ഥം

- മഹ്ബൂബ യാസ്മിന്‍

സ്ത്രീ പുരുഷ ഭേദമന്യേ നിര്‍ബന്ധ ബാധ്യതയായിട്ടുള്ള ഒരു മഹത്തായ കര്‍മ്മമാണല്ലോ വിജ്ഞാനസമ്പാദനം. വൈജ്ഞാനിക മേഖലയില്‍ വിസ്മയ വിപ്ലവങ്ങള്‍ സൃഷ്ടിച്ച് കടന്നുപോയ പണ്ഡിതരും പണ്ഡിതകളും ഇസ്‌ലാമിക ചരിത്രത്തില്‍ ധാരാളമാണ്. ഇപ്രകാരം ഹദീസിന്റെ മേഖലയില്‍ പാണ്ഡിത്യം തെളിയിച്ച ഒമ്പതിനായിരത്തില്‍ പരം മുസ്‌ലിം പണ്ഡിത വനിതകളെ കുറിച്ച് പഠനം നടത്തുന്ന ഒരു വിപുല ഗ്രന്ഥമാണ് 'അല്‍ മുഹദ്ദിസാത്.' നാല്‍പത്തിമൂന്ന് വാള്യങ്ങളിലായാണ് ഈ പുസ്തകം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. പ്രശസ്ത പണ്ഡിതന്‍ മുഹമ്മദ് അക്‌റം നദ്വിയുടെ വര്‍ഷങ്ങള്‍നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവില്‍ സാക്ഷാത്കൃതമായ ഈ ബൃഹദ് ഗ്രന്ഥം ഇപ്പോള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ പ്രൗഢഗ്രന്ഥത്തിന്റെ സംക്ഷിപ്തരൂപം മലയാളത്തിലാക്കിയത് മുഹമ്മദ് അനീസ് കമ്പളക്കാട് എന്ന എഴുത്തുകാരനാണ്, അത് പ്രസിദ്ധീകരിച്ചത് ബുക്ക്പ്ലസും. ഇസ്‌ലാമിനെ ഒരു പുരുഷാധിപത്യ മതമായും സ്ത്രീശാക്തീകരണത്തിന് പരിഗണന നല്‍കാത്ത ആറാം നൂറ്റാണ്ടിന്റെ പഴഞ്ചന്‍ സിദ്ധാന്തമായും മുദ്രകുത്തുന്ന സമകാലിക സമൂഹം തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. ഇംഗ്ലീഷ് മൂല ഗ്രന്ഥത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന ഈ സംക്ഷിപ്ത കൃതി ഉപര്യക്ത പുസ്തകത്തിന്റെ അകക്കാമ്പ് മനസ്സിലാക്കാവുന്ന തരത്തില്‍ ലളിതവും സുന്ദരവുമായാണ് മലയാളീകരിച്ചിട്ടുള്ളത്.
ഇസ്‌ലാമിക പഠനങ്ങളുടെ കാതലായ ഹദീസ് വിജ്ഞാന ശാഖയില്‍ പ്രതിഭാധനത്വം തെളിയിച്ച മഹിളാരത്‌നങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ കൃതി. ഹദീസ് കൂടാതെ മറ്റു അനവധി വിജ്ഞാന ശാഖകളിലും നമ്മുടെ പൂര്‍വ്വ സ്ത്രീകള്‍ ജ്വലിച്ചു നിന്നിരുന്നു. ഫിഖ്ഹ്, ഇഫാഅ്, ഇല്‍മുല്‍ കലാം, സീറ ഇവയെല്ലാം അവയില്‍ ചിലത് മാത്രമാണ്. വ്യത്യസ്ത നൂറ്റാണ്ടുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള മുഹദ്ദിസാത്തിന്റെ വിവരണങ്ങള്‍, വിജ്ഞാന വീഥിയിലായി അവര്‍ കഴിച്ചുകൂട്ടിയ ഭൂമിശാസ്ത്രപരമായ ഇടങ്ങള്‍, ജ്ഞാന സമ്പാദനത്തിനും പ്രചാരണത്തിനും സ്വീകരിച്ച രീതികള്‍, സ്ഥാപനങ്ങള്‍, ഭരണകാര്യങ്ങളിലും നീതിന്യായ നിര്‍വഹണങ്ങളിലുമുള്ള ഫലവത്തായ ഇടപെടലുകള്‍, രചനാലോകത്തെ അവരുടെ സംഭാവനകള്‍ ഇവയെല്ലാം കൃത്യവും വ്യക്തവുമായി വരച്ചുകാട്ടുകയാണ് 'അല്‍ മുഹദ്ദിസാത്'. പ്രവാചകര്‍(സ്വ), സ്വഹാബാക്കള്‍, താബിഉകള്‍ തുടങ്ങിയ പൂര്‍വികരെല്ലാം അവരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും ഹദീസുകള്‍ സ്വായത്തമാക്കി കൊടുക്കുന്നതില്‍ കണിശത പുലര്‍ത്തിയിരുന്നെന്ന് ചരിത്രം പറയുന്നു. ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ(റ)യില്‍ നിന്ന് തുടങ്ങി ഡമസ്‌കസിന്റെ പ്രസിദ്ധ മസ്ജിദുകളുടെ നടുമുറ്റത്ത് സ്വഹീഹുല്‍ ബുഖാരിയും മുസ്‌ലിമും അധ്യാപനം നടത്തിയ വനിതാ പണ്ഡിതകളുടെ അഭിമാന പാരമ്പര്യമാണ് നമുക്കുള്ളതെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. അല്‍ മുഹദ്ദിസാത് പരിചയപ്പെടുത്തിത്തരുന്ന വിഷയങ്ങളിലെല്ലാം അവയുടെ സ്രോതസ്സുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ചേര്‍ത്തുവെക്കുന്നുണ്ട്. ഇതിലൂടെ പരാമര്‍ശിത വിഷയങ്ങളുടെ ആധികാരികത മനസ്സിലാക്കാന്‍ വായനക്കാരന് സാധിക്കുന്നു.
സ്ത്രീവിരുദ്ധമതമാക്കി ഇസ്‌ലാമിക ആദര്‍ശത്തെ വികലമാക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ അറിഞ്ഞും അറിയാതെയും നടത്തുന്നവര്‍ ഇന്ന് വ്യാപകമാണ്. സമ്പൂര്‍ണ്ണവും സന്തുഷ്ടവുമായ മുസ്‌ലിം സ്ത്രീ സമീപനത്തെ ഫെമിനിസത്തിന്റെ ചുവടുപിടിച്ച് വക്രീകരിച്ച് ചിത്രീകരിക്കാന്‍ ചിലര്‍ കാണിക്കുന്ന വ്യഗ്രത അതിലേറെ കൗതുകകരവും. അന്ധത ബാധിക്കുകയോ നടിക്കുകയോ ചെയ്യുന്ന ഇക്കൂട്ടര്‍ക്ക് മുന്നില്‍ ഇത്തരം കൃതികള്‍ കൃത്യമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പ്രഗല്‍ഭരായ മുസ്‌ലിം പണ്ഡിതകളുടെ മാതൃകകള്‍ മുന്നോട്ട് വച്ച് തരുന്ന അല്‍ മുഹദ്ദിസാത് ഓരോ മുസ്‌ലിം പെണ്‍കുട്ടിക്കും വൈജ്ഞാനിക ലോകത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാന്‍ പ്രചോദനമേകാന്‍ ഉതകുന്നതാണ്. മുസ്‌ലിം സ്ത്രീ അടുക്കളയുടെ നാല് ചുവരുകള്‍ക്കപ്പുറം ഒന്നും അറിയാത്തവളാണെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവളാണെന്നുമുള്ള തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഇത് ഒരു പരിധി വരെ സഹായകമായേക്കാം. മുസ്‌ലിം വനിതകളുടെ ഉന്നത പാരമ്പര്യം സത്യസന്ധമായി വായിക്കപ്പെടല്‍ അനിവാര്യമാണ്. ഇസ്‌ലാമിക നിയമങ്ങളിലധിഷ്ഠിതമായ വിജ്ഞാന മുന്നേറ്റങ്ങള്‍ തീര്‍ക്കാന്‍ മുസ്‌ലിം വനിതക്ക് സാധിക്കണം. മുസ്‌ലിം സ്ത്രീയായി ജനിച്ചതില്‍ അഭിമാനം ഉയര്‍ത്തുന്ന ഇത്തരം പ്രൗഢഗ്രന്ഥങ്ങള്‍ ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടേണ്ടതുണ്ട്.

Readers Review

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?