എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല! - ആറെസ്സെസ് വിട്ട ഒരു ദലിത് കര്‍സേവകന്റെ കഥ

2022-09-15

എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല!: RSS വിട്ട ദലിത് കര്‍സേവകന്റെ കഥ

- വി. അബ്ദുല്‍ ലത്തീഫ്‌

കഴിഞ്ഞ ദിവസം ഒരു പുസ്തകം ഒറ്റയിരുപ്പിന് വായിച്ചുതീര്‍ത്തു. രാജസ്ഥാനിലെ ദളിത് ആക്റ്റിവിസ്റ്റായ ഭവര്‍ മെഘ്‌വന്‍ഷിയുടെ ആത്മകഥ നമുക്കങ്ങനെയേ വായിക്കാന്‍ സാധിക്കൂ. ഈ പുസ്തകത്തിലൊരിടത്ത് കടുത്ത ജാതീയതയുമായി ഏറ്റുമുട്ടി ആത്മഹത്യ ചെയ്യേണ്ടിവരുന്ന മോഹന്‍ലാല്‍ രേഖര്‍ എന്ന മനുഷ്യനെക്കുറിച്ച് മെഘ്‌വന്‍ഷി വിശദീകരിക്കുന്നുണ്ട്. മെഘ്‌വന്‍ഷിതന്നെ അവര്‍ണ്ണനായതുകൊണ്ട് വിദ്യാര്‍ത്ഥികളില്‍നിന്നും സഹാധ്യാപകരില്‍നിന്നും കടുത്ത അപമാനമേറ്റുവാങ്ങി അധ്യാപകവൃത്തി ഉപേക്ഷിച്ച മനുഷ്യനാണ്. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ ഉച്ചഭക്ഷണത്തില്‍ അധ്യാപകനായ മോഹന്‍ലാല്‍ രേഖര്‍ സ്പര്‍ശിച്ചുപോയി എന്നതുകൊണ്ട് ഉച്ചഭക്ഷണം മുഴുവന്‍ ഉപേക്ഷിക്കേണ്ടി വന്നതുപോലുള്ള അപമാനകരമായ സാഹചര്യങ്ങളാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.
ഭവര്‍ മെഘ്‌വന്‍ഷി ആര്‍.എസ്.എസ്.പ്രവര്‍ത്തകനായാണ് പൊതുജീവിതം ആരംഭിക്കുന്നത്. സംഘത്തില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി അദ്ദേഹം സംഘത്തിന്റെ ജില്ലാസമിതിയുടെ ചുമതലക്കാരന്‍ വരെയാകുന്നുണ്ട്. എന്നാല്‍ ഇടക്കാലത്തുനടന്ന ഒരു സംഭവമാണ് അദ്ദേഹത്തെ ആറെസ്സിനു പുറത്തെത്തിക്കുന്നത്. ഈ പുസ്തകത്തിന്റെ ഏതാണ്ട് പകുതിയോളം ഭാഗം അഞ്ചുവര്‍ഷംകൊണ്ട് ക്രമമായി അദ്ദേഹം സ്വാംശീകരിച്ച ആര്‍.എസ്.എസ്.ഐഡിയോളജിയെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഹൈന്ദവജനതയെ ആര്‍.എസ്.എസ്.എങ്ങനെയാണ് ഏകോപിപ്പിക്കുന്നതെന്നും ജാതിവിവേചനങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ ദേശീയതയിലും പൈതൃകത്തിലും വേരുറപ്പിച്ച് അതൊരു ദേശാഭിമാനപ്രസ്ഥനമായി മാറുന്നതെന്നും മെഘ്‌വന്‍ഷി വിസ്തരിച്ച് വിശദീകരിക്കുന്നുണ്ട്. രാജ്യത്തിനുവേണ്ടി ആത്മാര്‍പ്പണം ചെയ്യാനായി എങ്ങനെയാണ് അത് യുവാക്കളെ സജ്ജരാക്കുന്നതെന്ന് സ്വാനുഭവത്തില്‍നിന്ന് വിശദീകരിക്കുന്നു. മുസ്ലീങ്ങളും ഹൈന്ദവേതരപ്രത്യയശാസ്ത്രങ്ങളും എങ്ങനെയാണ് ഇന്ത്യന്‍ദേശീയതയുടെ ശത്രുക്കളാകുന്നതെന്നുകൂടി വിശദീകരിക്കുമ്പോള്‍ അത് പൂര്‍ണ്ണമാകുന്നു.
അയോധ്യയിലെ ബാബരിമസ്ജിദ് തകര്‍ക്കാനുള്ള ആദ്യ കര്‍സേവയ്ക്കായി യാത്ര തിരിക്കുമ്പോള്‍ വണ്ടിയിലുണ്ടായിരുന്ന മുസ്ലീങ്ങളെ അപായപ്പെടുത്താനും അതുവഴി തന്നാല്‍ കഴിയുംവിധം രാഷ്ട്രത്തെ ശുദ്ധീകരിക്കാനുംവേണ്ടി ആലോചിക്കുന്നതും, ഒരുവേള കര്‍സേവയ്ക്കു മുമ്പായി ചെയ്യേണ്ട കര്‍മ്മം അതാണെന്ന് ബോധ്യപ്പെടാനും മെഘ്‌വന്‍ഷിയെ പ്രാപ്തനാക്കുന്നത് അദ്ദേഹത്തിനു ലഭിച്ച പ്രത്യയശാസ്തപരിശീലത്തിന്റെ തീവ്രതയാണ്.
ബാബരിമസ്ജിദ് തകര്‍ന്ന രണ്ടാം കര്‍സേവയുടെ കാലമാകുമ്പോഴേക്ക് മെഘ്‌വന്‍ഷി ആറെസ്സെസ്സുമായി വഴിപിരിയുന്നുണ്ട്. വഴിപിരിയുകമാത്രമല്ല, ആറെസ്സെസ്സുമായി കടുത്ത ശത്രുതയിലുമാകുന്നുണ്ട്. തന്റെ ഗ്രാമത്തിനുപുറത്തുനിന്നുള്ള സംഘത്തിന്റെ സമുന്നതനേതാക്കളും സന്യാസിമാരുമൊക്കെ പങ്കെടുത്ത ഒരു പരിപാടിയുടെ സംഘാടനച്ചുമതല മെഘ്‌വന്‍ഷിക്കായിരുന്നു. സ്വന്തം ഗ്രാമത്തില്‍ നടന്ന ആ പരിപാടിയെ മെഘ്‌വന്‍ഷി ഏറെ ആഹ്ലാദത്തോടെ സ്വീകരിച്ചു. വേണ്ടതെല്ലാം ചെയ്തു. കൂട്ടത്തില്‍ പരിപാടിയില്‍ പങ്കെടുത്ത ഉന്നതരായ സംഘനേതാക്കള്‍ക്ക് സ്വന്തം വീട്ടില്‍ ആഹാരവും തയ്യാറാക്കി.
ആഹാരക്കാര്യമറിയിച്ചപ്പോള്‍ത്തന്നെ സംഘപരിവാരത്തിന്റെ സമുന്നതരായ നേതാക്കളുടെ നെറ്റി ചുളിഞ്ഞു. സമയമില്ലാത്തതുകൊണ്ട് ആഹാരം വീട്ടില്‍നിന്ന് കഴിക്കേണ്ടെന്നും പൊതിഞ്ഞെടുത്ത് വഴിയില്‍നിന്ന് കഴിക്കാമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു.
മെഘ്‌വന്‍ഷിയുടെ സുഹൃത്തായ ഒരു ബ്രാഹ്‌മണയുവാവ് ആ ഭക്ഷണംമുഴുവന്‍ വഴിയില്‍ ഉപേക്ഷിച്ച കഥ മെഘ്‌വന്‍ഷിയോടു പറഞ്ഞു. വിശ്വാസം വരാതിരുന്ന മെഘ്‌വന്‍ഷിയെ സൈക്കിളില്‍പോയി അയാളതു കാണിച്ചുകൊടുക്കുകയും ചെയ്തു. അപ്പോള്‍ത്തന്നെ തൊട്ടടുത്ത ഗ്രാമത്തിലെത്തി മെഘ്‌വന്‍ഷി ഇത് ചോദ്യം ചെയ്യുന്നുണ്ട്. മൌനവും നുണയുമായിരുന്നു മറുപടി. വണ്ടിയൊരു വളവുതിരിഞ്ഞപ്പോള്‍ ഭക്ഷണം വണ്ടിയില്‍നിന്ന് തെറിച്ചുപോയി എന്നായിരുന്നു തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കുള്ള അവരുടെ വിശദീകരണം.
ആര്‍.എസ്.എസ്.ശാഖയില്‍ പ്രചരിപ്പിക്കുന്ന ജാത്യതീതമായ ഹിന്ദുഐക്യം എന്നത് പൊള്ളയായ വാഗ്ദാനമാണെന്ന് ഈ സംഭവത്തോടെ മെഘ്‌വന്‍ഷി തിരിച്ചറിഞ്ഞു. ചെറുപ്പംതൊട്ടേ നല്ല വായനയും താര്‍ക്കികയുക്തിയുമുണ്ടായിരുന്ന അദ്ദേഹം ജാതിയുടെ ശ്രേണീകരണത്തെ എങ്ങനെയാണ് ആറെസ്സെസ് ഉപയോഗപ്പെടുത്തുന്നതെന്ന് കൃത്യമായി മനസ്സിലാക്കുകയും ഈ പുസ്തകത്തിലൂടെ അത് ലോകത്തെ അറിയിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ണ്ണര്‍ സംഘത്തിന്റെ സവര്‍ണ്ണമേലാളരുടെ ഉപകരണങ്ങള്‍ മാത്രമാണെന്ന് ഈ പുസ്തകം തെളിവുകള്‍ നിരത്തി യുക്തിയുക്തമായി വിശദീകരിക്കുന്നു.
ജാത്യതീതമായ സമത്വം വിളംബരം ചെയ്ത സംഘം അവര്‍ണ്ണന്റെ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാതെ സൂത്രത്തില്‍ വഴിയിലുപേക്ഷിക്കുന്ന് ഒരു നിമിത്തം മാത്രമാണ്. തുടര്‍ന്നങ്ങോട്ട് സംഘത്തിന്റെ ഓരോ പ്രവൃത്തിയും ഇന്ത്യയിലെ സവര്‍ണ്ണമേലാളരിലേക്ക് എങ്ങനെയാണ് സാമൂഹികവും ജാതീയവുമായ അധികാരം ഉറപ്പിക്കുന്നത് എന്ന് വിവരിക്കുന്നു. ആധുനികമായ ഒന്നും അതിലില്ലെന്നും പ്രാകൃതമായ ജാതിബോധമാണ് അതിനെ നയിക്കുന്നതെന്നും അത് തുറന്നുപറയുന്നു.
കള്ളക്കഥകള്‍, വര്‍ഗ്ഗീകയകലാപങ്ങളുണ്ടാക്കാനുള്ള കുത്സിതപ്രവൃത്തികള്‍, ദളിതരുടെ വിശ്വാസത്തെയും ക്ഷേത്രങ്ങളെയും സ്വന്തമാക്കല്‍, എതിര്‍ക്കുന്നവരെ ഏതറ്റംവരെയും പോയി ഒതുക്കല്‍, വേണമെങ്കില്‍ ഇല്ലാതാക്കല്‍ തുടങ്ങി ഒരുകാലത്ത് താന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച സംഘടനയുടെ കുത്സിതപ്രവര്‍ത്തനങ്ങള്‍ ഓരോന്നും അദ്ദേഹം വിശദീകരിക്കുന്നു.
മെഘ്‌വന്‍ഷി കാര്യങ്ങള്‍ സ്വയം ബോധ്യപ്പെടുക മാത്രമല്ല ചെയ്യുന്നത്. സാധ്യമായത്ര പൊതുജനമധ്യത്തില്‍ അത് തുറന്നു കാണിക്കാന്‍ യത്‌നിക്കുകയും ചെയ്യുന്നു. ജീവിതകാലംമുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു സമരമാണ് അദ്ദേഹത്തിന് ഈ പ്രവര്‍ത്തനങ്ങള്‍. പ്രത്യക്ഷസമരങ്ങളും കോടതിവ്യവഹാരങ്ങളും മാധ്യമപ്രവര്‍ത്തനങ്ങളുമെല്ലാം അദ്ദേഹം പരീക്ഷിക്കുന്നുണ്ട്. പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സജ്ജീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം നിരന്തരം പഠിക്കുകയും വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഏറ്റവും അടുത്തുനിന്ന് പരിചയപ്പെടുകയും ചെയ്യുന്നുണ്ട്. എല്ലായിടത്തും അദ്ദേഹം സ്വീകാര്യമായതുമാത്രം സ്വീകരിക്കുന്നു.
വര്‍ത്തമാന ഇന്ത്യ വായിച്ചിരിക്കേണ്ട പുസ്തമാണ് ഇത്. അനീസ് കമ്പളക്കാടിന്റെ വിവര്‍ത്തനം മികച്ചതാണ്. ഒ.കെ.സന്തോഷ് പുസ്തകത്തിലേക്ക് കടക്കാനുള്ള രാഷ്ട്രീയമായ സൂത്രവാക്യങ്ങള്‍കൂടി മുന്നോട്ടുവെച്ചുകൊണ്ട് വിസ്തരിച്ചൊരു ആമുഖപഠനവും നിര്‍വ്വഹിച്ചിട്ടുണ്ട്.

Readers Review

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?