ജീവിതത്തിന്റെ അടരുകളിലേക്കൊഴുകും 'മഗ്‌രിബ്'

2022-11-13

ജീവിതത്തിന്റെ അടരുകളിലേക്കൊഴുകും 'മഗ്‌രിബ്'

ഞായർപ്രഭാതത്തിൽ വെളിച്ചംകണ്ട മഗ്‌രിബിന്റെ ബുക്റിവ്യൂ

ജീവിതത്തിന്റെ നിമ്‌നോന്നതകളില്‍ ദര്‍ശിച്ച, ശ്രവിച്ച, അനുഭവിച്ച അടരുകളൊക്കെയും കവിതയുടെ മായികമായ ഭൂതക്കുപ്പിയിലാക്കിയതിന്റെ നേര്‍സാക്ഷ്യമാണ് പ്രിയ യുവ എഴുത്തുകാരനായ ശിഹാബുദ്ധീന്‍ കുമ്പിടിയുടെ ആദ്യ കാവ്യസമാഹാരമായ 'മഗ്രിബ്'. ബാല്യകാലത്തിന്റെ ഗൃഹാതുരത മുതല്‍ ജീവിതത്തിന്റെ വ്യാമോഹങ്ങളുടെ മുറിക്കകത്ത് നിന്നുള്ള പടിയിറക്കം വരെ ജീവിതത്തിന്റെ പ്രധാനവും അപ്രധാനവുമായ രംഗങ്ങള്‍, പള്ളി മിനാരങ്ങളില്‍ നിന്നൊഴുകും സുന്ദരമായ മഗ്രിബ് ബാങ്കിന്റെ വശ്യത പോലെ കുറിച്ചുവെച്ചിരിക്കുന്നു കവി. 'മഗ്രിബ് ' അക്ഷരങ്ങള്‍ പൂത്ത മരമാവുകയും വായനക്കാരന്‍ ആശയങ്ങുടെ ആകാശ വിസ്തൃതിയിലേക്ക് ചിറകടിച്ചുയരും പക്ഷിയുമായി മാറുന്നു.
ബാല്യ കാലത്തിലെ അനുപമമായ ഓര്‍മ്മപ്പെരുക്കങ്ങളാണ് സ്‌കൂള്‍, ആതിര കെ രണ്ട് ബി തുടങ്ങിയ കവിതകളില്‍ തെളിയുന്നത്. കുട്ടിക്കാലയോര്‍മ്മകള്‍ സ്‌കൂളോര്‍മകളിലേക്ക് ചുരുങ്ങിപ്പോകുന്നത് വിദ്യാലയങ്ങള്‍ കൊടുക്കല്‍ വാങ്ങലുകളുടെ തിരയിളക്കങ്ങള്‍ സംഭവിക്കും അനുഭവക്കടലാവുന്നത് കൊണ്ടാണെന്ന് തോന്നാറുണ്ട്. 'ഞങ്ങളുടെ വിശക്കുന്ന കടവിലേക്ക് / ഉച്ചവെയില്‍ നീന്തി കഞ്ഞ്യമ്മ വരും' (ഉസ്‌കൂള്) എന്ന വരികളിലുണ്ട് വിദ്യാലയങ്ങള്‍ ജീവിതത്തോട് എത്രമേല്‍ കടപ്പെട്ടിരിക്കുന്നുവെന്ന് . അവശതകളുടെ കടവത്തേക്ക് സ്‌കൂളുകള്‍ പ്രതീക്ഷകളുടെ തോണി തുഴഞ്ഞു വന്നതിനെ ഇങ്ങനെ ഭാവനയുടെ വര്‍ണങ്ങള്‍ കൊണ്ട് കവി ചിത്രം വരയ്ക്കുമ്പോള്‍ സ്മരണകള്‍ 'കുന്ന് പെറ്റ കുഞ്ഞായ' സ്‌കൂളിലേക്ക് ബാഗും തൂക്കി നടന്നു പോകുന്നു. 'ഉസ്‌കൂള്' എന്ന ശീര്‍ഷകത്തിലുണ്ട് ബാല്യത്തിന്റെ നിഷ്‌കളങ്ക ഭാവതലങ്ങള്‍. 'എന്റെ ലഞ്ച് ബോക്‌സിലെ/ ഓംലറ്റവളുടെ / കുഞ്ഞുപാത്രത്തിലേക്ക് ചാടി വീണു / അവളൊരു ചിരിയായും ഞാനൊരു കണ്ണീരായും / നിമിഷങ്ങളുടെ ജനാലകളില്‍ / വന്നിരിക്കുന്നു' (ആതിര കെ രണ്ട് ബി) എന്ന വരിയില്‍ പ്രകാശിക്കുന്നുണ്ട് പങ്കുവെപ്പിന്റെ പോരിശകള്‍. ഇളം പ്രായത്തിലേ വീടു വിട്ടുമാറി ബോര്‍ഡിംഗിലേക്ക് മാറിയതിന്റെ പരിഭവങ്ങള്‍ കൂടിയാവണം കവിയ്ക്കീ 'വരി'മൊഴികള്‍.
കണ്ണില്‍ നിന്നകന്ന് പോകുന്ന പരിചിത ദൃശ്യങ്ങളെക്കുറിച്ച് കവി പരിതപിക്കുന്നുണ്ട്, രണ്ടു പുഴക്കാഴ്ചകള്‍, പഞ്ചായത്ത് കിണര്‍, തറവാട് തുടങ്ങിയ കവിതകളില്‍. 'തീനാളം ചൂടി നൃത്തം / ചെയ്തിരുന്ന ചിമ്മിനിവിളക്കുകള്‍ / ചിലങ്കയഴിച്ചു നടന്നു ( തറവാട് ), അവര്‍ (വല്ല്യുമ്മ ) മുറുക്കിത്തുപ്പിയതിന്റെ / ഓര്‍മ്മകള്‍ ചില്ലകളിലിപ്പോഴും / വിരിഞ്ഞു നില്‍ക്കുന്നു ( തറവാട് ) തുടങ്ങിയ വരികള്‍ നഷ്ടമായിപ്പോകുന്ന തറവാട്ടോര്‍മ്മകളിലേക്ക് വിരല്‍ ചൂണ്ടുന്നു. മനസ്സുകളില്‍ മതിലുകള്‍ പണിത്, ഓരോരുത്തരും സ്വഭവനങ്ങള്‍ പണിതപ്പോള്‍ കുടുംബകങ്ങളില്‍ കൂടുന്നതിന്റെ ഇമ്പമില്ലാതാവുന്നതിനെ കവി 'വീടൊരു സമുദ്രവും / ഞങ്ങളതിലെ ഒറ്റപ്പെട്ട / ദ്വീപുകളുമായി മാറുന്നു' എന്നാണ് എഴുതി വെച്ചത്. ' എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം ' എന്ന് കുഞ്ഞുണ്ണി മാഷ് കുത്തു വാക്കുകളിലെഴുതിവെച്ചതിനോട് ചേര്‍ന്നു നില്‍ക്കുന്നീ വരികള്‍.
ആശുപത്രി വരാന്ത, കടത്തുകാരന്‍ , പുഴ, മുക്കുവന്റെ കവിത തുടങ്ങിയ കവിതകളില്‍ ജീവിതത്തില്‍ യാതനകളേല്‍ക്കാന്‍ വിധിക്കപ്പെട്ടവരുടെ നേര്‍ചിത്രങ്ങളുണ്ട്. 'വയറ്റിലെ തീ / അടുപ്പിനു കൊടുക്കണം' (കടത്തുകാരന്‍, പുഴ), 'ഇടക്കിടെ വായിക്കണം / പേജുകളില്‍ ചോരപുരണ്ട / ഈ പുസ്തകം / തിരിച്ചറിയല്‍ കാര്‍ഡുകളും / ഭൂപടങ്ങളും / പിന്നീട് പിറന്നതാണെന്ന് / മനസ്സിലാക്കാന്‍' (ആശുപത്രി വരാന്ത ) തുടങ്ങിയ വരികള്‍ പച്ചയായ ജീവിതങ്ങളെ സാക്ഷ്യപ്പെടുത്തുന്നു.
മനുഷ്യമനസ്സുകളില്‍ കുടിയിരിക്കുന്ന വര്‍ണവെറിയെക്കുറിച്ചാണ് കാക്കേ കാക്കേ എന്ന കവിത നിലവിളിക്കുന്നത്. ആട്ടിയോടിക്കപ്പെട്ടവരുടെ പ്രതിനിധാനമായി പരിണമിക്കുന്നു കാക്ക. അകന്നു പോകുന്നവരെ അടുത്തിരുത്താന്‍ കവിയാവശ്യപ്പെടുന്നു. 'പേര് പറയുമ്പോള്‍ തന്നെ / നിന്റെ കരച്ചില്‍ / ഉള്ളില്‍ നിന്ന് കേള്‍ക്കാം. / നെഞ്ചിലെ ഏത് കൊമ്പിലാണ് / നീ കൂടു വച്ചത് ? / എത്ര ചുരണ്ടിയാലും / മാഞ്ഞു പോകാത്ത / കറുത്ത പുള്ളിയെ/ ഓമനത്തത്തോടെ / ഞാന്‍ വീണ്ടും വിളിച്ചു / കാക്കപ്പുള്ളി.' എന്ന് പറഞ്ഞാണ് കവിതയവസാനിക്കുന്നത്.
പ്രവാസിയായ കവിക്ക് പ്രവാസം സമ്മാനിക്കുന്ന തീവ്രതയെ ശക്തമായി ആവിഷ്‌കരിക്കുന്നുണ്ട്, പെട്ടി കെട്ടല്‍ എന്ന കവിത. ' ടാപ്പുകള്‍ വലിച്ചൊട്ടിക്കും ശബ്ദങ്ങള്‍ / പുല്ലാങ്കുഴല്‍ നാദമായ് / കാതുകളില്‍ ചാറുന്നു' എന്ന വരികളില്‍ പ്രകാശിക്കുന്നുണ്ട്, വീട്ടിലേക്കുള്ള തിരിച്ചുപോക്കിന്റെ ആനന്ദം.
ഒരു പക്ഷേ മഗ്രിബിലെ കവിതകളില്‍ കൂടുതല്‍ ഇതിവൃത്തമായിട്ടുള്ളത് മരണമായിരിക്കാം. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ കവിയുടെ ബോധപൂര്‍വമായ തെരഞ്ഞെടുപ്പാണിതെന്ന് തോന്നുന്നു. 'മഴദിവസം, മരണവീട്ടില്‍', ഒസ്സാന്‍ അബു തുടങ്ങിയ കവിതകളില്‍ ഇവ കാണാം. 'ആകാശത്തെ ഇത്ര നല്ല / വിവര്‍ത്തകനായി / മറ്റൊരു നേരത്തും കാണാനാകില്ല. / പടികയറി വരുന്നു, / പടിയിറങ്ങുന്നവനെ / യാത്രയാക്കാന്‍ / നനഞ്ഞൊലിച്ച കണ്ണുകള്‍ ' (മഴ ദിവസം, മരണവീട്ടില്‍) ... മരണവീടിന്റെ നനഞ്ഞ ദുഃഖ ചിത്രത്തെ അങ്ങനത്തന്നെ പകര്‍ത്തി വച്ചിരിക്കുന്നു കവി.
പ്രണയത്തിന്റെ ചുരം കയറ്റം കാണാം 'നിന്റെ കൂടെ ചുരം കയറുമ്പോള്‍' എന്ന കവിതയില്‍. പ്രിയതമയുമൊത്തുള്ള സഞ്ചാരം കവിയുടെ സുന്ദരമായ കാവ്യ കുസുമങ്ങളെ പോലെ പൂത്ത കാടാകുന്നു. 'എവിടേക്കാണെന്ന കണ്ടക്ടറുടെ / ചോദ്യത്തില്‍ / രണ്ടു പ്രണയരാജ്യമെന്നു / ചുണ്ടുകള്‍ വിടര്‍ന്നു. / ഉടനെ അയാളുടെ കൈകള്‍ / ചില്ലകളും / ടിക്കറ്റുകള്‍ പൂക്കളുമായി. ' ( നിന്റെ കൂടെ ചുരം കയറുമ്പോള്‍).
കടലേഴും കടന്നു ചെല്ലുന്ന ഭാവനാത്മകത വരികള്‍ക്കിടയിലൂടെ ഒഴുകിയൊഴുകിപ്പരക്കുന്നത് ദൃശ്യമാകുന്നുണ്ട് പലയിടങ്ങളിലും. 'വിയര്‍ത്തൊലിച്ച പകലുകളെ / കയ്യില്‍ ചുരുട്ടി / വാനിലേക്കെറിയുമ്പോള്‍ / താരകങ്ങള്‍ പൂത്ത കാട് / താഴേക്കിറങ്ങി വരുമായിരുന്നു / നമ്മുടെ മുദ്രവാക്യങ്ങളെ ഉമ്മ വെക്കാന്‍ !'( പ്രതീക്ഷ), 'രാത്രിയുടെ ചിരവയില്‍ / ഒരു മുറി തേങ്ങയായ് / പൂര്‍ണ ചന്ദ്രന്‍ ! / മറുപതി നാളേക്ക് / എടുത്ത് വെച്ചിട്ടുണ്ടാവും. / ചിരവക്കു താഴെ ഭൂമി,/ ഉറങ്ങാത്തവരുടെ/ വലിയ പാത്രം !' (ഇറങ്ങിപ്പോക്ക് ) തുടങ്ങിയ വരികള്‍ അവയില്‍ ചിലത് മാത്രം.
ഉപമകളുടെ ഉള്‍ക്കടലാഴങ്ങളിലേക്ക് ഊളിയിടുന്നത് പോലെ കവിയെ വായനയുടെ സിംഹഭാഗവും അനുഭവഭേദ്യമായാല്‍ ആശ്ചര്യപ്പെടാനില്ല. വര്‍ഷങ്ങളേറെയായി കവിതകള്‍ വായിച്ചും എഴുതിയും അത് രാകി മിനുക്കിയും കാവ്യ വൃത്തികളിലേര്‍പ്പെട്ടിരിക്കുന്ന കവിക്ക് താളുകളുടെ ഭൂമികയിലേക്ക് തേരിറങ്ങി വരും മഴമുകിലുകളാണ് അക്ഷരങ്ങളും ആശയങ്ങളും ബിംബങ്ങളും. കവിയുടെ വര്‍ഷങ്ങളുടെ കാവ്യ സപര്യ കവിതകളെ പൂവിരിയും പോലെ സുന്ദരമാക്കിയിട്ടുണ്ടെന്ന് അക്ഷര മുദ്രകള്‍ സാക്ഷ്യപ്പെടുത്തുന്നു.
''

Readers Review

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?