സയ്യിദ് ഫള്ല്‍: ഒരു ആഗോള മുസ്‌ലിമിന്റെ സഞ്ചാരപഥങ്ങള്‍

2023-07-28

സയ്യിദ് ഫള്ല്‍: ഒരു ആഗോള മുസ്‌ലിമിന്റെ സഞ്ചാരപഥങ്ങള്‍

മലബാറിന്റെ സാമൂഹിക ജീവിതത്തില്‍ മമ്പുറം തങ്ങളുടെ ഇടം അനിഷേധ്യമാണ്. ആ നിലയില്‍ അദ്ദേഹത്തിന്റെ ചരിത്രത്തെ നമ്മള്‍ സമീപിച്ചിട്ടില്ലെന്ന് പറയേണ്ടി വരും. വാമൊഴികളിലാണ് നമ്മളറിഞ്ഞ പല ചരിത്രങ്ങളും. എഴുതി വെച്ചതാവട്ടെ അക്കാദമിക് സ്വഭാവമുള്ളതോ ആ ചരിത്ര പുരുഷനെ സമഗ്രമായി മനസ്സിലാക്കാന്‍ ഉതകുന്നതോ ആയിരുന്നില്ല. എന്നാല്‍ കുറച്ച് കാലമായി മലബാറിന്റെ അധ്യാത്മിക - അതിജീവന - വൈജ്ഞാനിക പ്രതലങ്ങള്‍ പുതു തലമുറയുടെ അന്വേഷണത്തില്‍ സവിശേഷമായൊരിടം നേടിയിട്ടുണ്ട്. മലബാര്‍ സമരത്തിന് നൂറാണ്ട് തികഞ്ഞ വേളയിലുണ്ടായ അക്കാദമിക് വ്യവഹാരങ്ങളൊക്കെ അതിന്റെ പ്രതിഫലനമായിരുന്നു. മമ്പുറം തങ്ങളെ കൃത്യമായി അനാവരണം ചെയ്യുന്ന പഠനങ്ങള്‍ തന്നെയുണ്ടായി.
കേട്ട് പതിഞ്ഞ വാമൊഴികളില്‍ നിന്ന് അക്കാദമിക് പഠനങ്ങളുടെ പുതിയ അടരുകളിലേക്ക് നമ്മള്‍ കടക്കുന്നതിന്റെ വേഗം പ്രതീക്ഷാനിര്‍ഭരമാണ്. മമ്പുറം തങ്ങന്‍മാരില്‍ തന്നെ സയ്യിദ് അലവി തങ്ങളെയാണ് നമ്മള്‍ക്ക് കാര്യമായി അനുഭവിക്കാനായത്.
എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഫള്‌ലിന് നമ്മുടെ ചരിത്ര വായനകളില്‍ ഇനിയും വേണ്ട ഇടം കിട്ടിയിട്ടില്ല. ഡോ. മുസ്തഫ ഊജമ്പാടിയുടെ പഠന ഗവേഷണത്തിന്റെ ഫലമായി പുറത്തിറങ്ങിയ 'സയ്യിദ് ഫള്ല്‍; ഒരു ആഗോള മുസ്ലിമിന്റെ സഞ്ചാര പഥങ്ങള്‍' എന്ന പുസ്തകം ഈ പശ്ചാത്തലത്തില്‍ വേണം വായിക്കാന്‍.
പണ്ഡിതന്‍, പോരാളി, പരിഷ്‌കര്‍ത്താവ്, രാഷ്ട്രീയ ഉപദേശകന്‍, ഭരണാധികാരി എന്ന നിലയിലെല്ലാം സംഭവബഹുലമായ ജീവിതത്തിനുടമയായിരുന്നു സയ്യിദ് ഫള്ല്‍. നാട്ടിലെ പഠനത്തിന് ശേഷം മക്കയിലും യമനിലുമായി വര്‍ഷങ്ങള്‍ നീണ്ട ഉപരിപഠനം.
1844 ലെ പിതാവിന്റെ മരണം. 1849 ല്‍ പഠനം കഴിഞ്ഞ് മമ്പുറത്തേക്കുള്ള തിരിച്ച് വരവ്. പിന്നീട് അദ്ദേഹം കയ്യാളിയിരുന്ന സമൂഹിക അധ്യാത്മിക ഇടങ്ങളിലെ നേതൃത്വം. പിതാവിന്റെ വഴിയിലെ പിന്തുടര്‍ച്ചകള്‍. വൈദേശിക ആധിപത്യത്തിനും സാമൂഹിക ദുരാചാരങ്ങള്‍ക്കും എതിരെ ഒരേ സമയം നടത്തിയ പ്രതികരണങ്ങള്‍. സാമൂഹിക പ്രയത്‌നങ്ങള്‍. ജാതി മത ഭേദമന്യേ മുഴുവന്‍ ജനങ്ങളുടെയും അംഗീകാരം നേടാന്‍ പിതാവിനെ പോലെ മകനും കഴിഞ്ഞു. ഈ ജന പിന്തുണ ബ്രിട്ടീഷ് അധികാരികളിലുണ്ടാക്കിയ ഭയമാണ് അദ്ദേഹത്തെ അനുനയിപ്പിച്ച് നാടു കടത്തുന്നതിലേക്ക് നയിച്ചത്. 1852 മാര്‍ച്ച് 19 നാണ് കുടുംബത്തോടൊപ്പം സയ്യിദ് ഫള്ല്‍ മമ്പുറം വിട്ടത്.
പിന്നീട് അദ്ദേഹം നയിച്ച ജീവിതം വേണ്ടത്ര ഗവേഷക ശ്രദ്ധ പതിഞ്ഞിട്ടില്ല. ആ ദൗത്യമാണ് ഈ പുസ്തകം നിര്‍വ്വഹിക്കുന്നത്. അധികം വൈകാതെ തിരിച്ച് വരാന്‍ വേണ്ടിയാണ് സയ്യിദ് ഫള്ല്‍ കടല്‍ കടന്നത്. എണ്ണായിരത്തോളം മാപ്പിളമാര്‍ അദ്ദേഹത്തെ പരപ്പനങ്ങാടി വരെ അനുഗമിച്ചുവെന്നാണ്. അവരുടെ ധാരണയും മറ്റൊന്നായിരുന്നില്ല. എന്നാല്‍ ഈ ബ്രിട്ടീഷ് അധികാരികളുടെ ചതി വൈകിയാണ് അദ്ദേഹത്തിന് ബോധ്യമായത്. പലപ്പോഴായി സയ്യിദ് ഫള്ല്‍ തിരിച്ച് വരവിനായി ശ്രമിക്കുന്നതിന്റെ വഴികള്‍ ഈ പുസ്തകത്തിലുണ്ട്. ആ വഴികള്‍ മുഴുവന്‍ കൊട്ടിയടക്കുക മാത്രമല്ല ഒട്ടോമന്‍ സാമ്രാജ്യത്തില്‍ സയ്യിദ് ഫള്‌ലിന് ലഭിച്ച് കൊണ്ടിരുന്ന അംഗീകാരങ്ങളിലും പദവികളിലും വരെ അവര്‍ അസ്വസ്ഥപ്പെടുകയും ഭരണനിര്‍വ്വഹണ രംഗത്ത് നിന്ന് സയ്യിദ് ഫള്‌ലിനെ മാറ്റി നിറുത്തുന്നതിന് ഒട്ടോമന്‍ ഭരണാധികാരികളെ സമ്മര്‍ദപ്പെടുത്തുന്നതിന്റെ രേഖകള്‍ വരെ ഗ്രന്ഥകാരന്‍ വെളിച്ചം കാണിക്കുന്നുണ്ട്. മലബാര്‍ ജന്‍മം നല്‍കിയ ഏറ്റവും ശ്രദ്ധേയനായ ആഗോള വ്യക്തിത്വമായി സയ്യിദ് ഫള്ല്‍ വളരുന്നതിന്റെ നാള്‍വഴികളില്‍ ചരിത്രാന്വേഷികള്‍ക്ക് പഠിക്കാനേറെയുണ്ട്. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഉപദേശകന്‍ എന്ന നിലയില്‍ വലിയ അംഗീകാരം സയ്യിദ് ഫള്‌ലിന് ലഭിച്ചു.
ദുഫാര്‍ പ്രവിശ്യയുടെ ഗവര്‍ണ്ണറായി മാതൃകാപരമായ ഭരണം നടത്തി. അധികാരമൊഴിഞ്ഞ ശേഷം ഇസ്ലാമിക ഖിലാഫത്തിന്റെ തലസ്ഥാനമായ ഇസ്തംബൂളിലേക്ക് മാറി.
സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ വസീര്‍ പദവി നല്‍കി ആദരിച്ചു. ഒട്ടോമന്‍ സാമ്രാജ്യം നേരിട്ടിരുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘ വീക്ഷണത്തോടെയുള്ള തീര്‍പ്പുകളും നയതന്ത്ര സമീപനങ്ങളും എടുക്കുന്നതിന് സയ്യിദ് ഫള്‌ലിന്റെ ഇടപെടലുകളും ഉപദേശങ്ങളും നിര്‍ണ്ണായകമായി. മുസ്‌ലിം ലോകത്തിന്റെ ഐക്യം വിശുദ്ധ ഹറമുകളുടെ പരിപാലനം എന്നീ കാര്യങ്ങളിലൊക്കെ കൃത്യമായ നിരീക്ഷണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അറബ് ദേശങ്ങളെ തുര്‍ക്കിയുമായി ബന്ധിപ്പിക്കുന്ന ഹിജാസ് റെയില്‍വേ സയ്യിദ് ഫള്ല്‍ സമര്‍പ്പിച്ച സുപ്രധാന പദ്ധതിയായിരുന്നു. അങ്ങനെ വികസന - നയതന്ത്ര - ഭരണ രംഗങ്ങളില്‍ അദ്ദേഹം നിര്‍വ്വഹിച്ച ദൗത്യങ്ങള്‍ എണ്ണമറ്റതാണ്. അതോടൊപ്പം തന്നെ വൈജ്ഞാനിക രംഗത്തെ ഇടപെടലുകള്‍. രചിച്ച ഗ്രന്ഥങ്ങള്‍. അധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ബഹുമുഖ ജീവിതം കൊണ്ട് പല കാലങ്ങളെയും ദേശങ്ങളെയും വിസ്മയിപ്പിച്ച ഒരാഗോള വ്യക്തിത്വം.
മക്ക,യമന്‍, സിറിയ, ഈജിപ്ത്, ഇസ്താംബൂള്‍ എന്നിവിടങ്ങളില്‍ മാറി മാറിത്താമസിച്ചു. അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ രാഷ്ട്രീയ ജീവിതം നയിച്ചു.
മക്കയില്‍ താമസിച്ച കാലത്ത് മലബാറില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്ന മാപ്പിളമാര്‍ സയ്യിദ് ഫള്‌ലുമായി ബന്ധപ്പെടുന്നതില്‍ പോലും ബ്രിട്ടീഷ് അധികാരികള്‍ അപകടം മണത്തു. അത്തരം കൂടിക്കാഴ്ചകള്‍ ഒഴിവാക്കുന്നതിന് ഒട്ടോമന്‍ അധികാരികളില്‍ നിര്‍ബന്ധം ചെലുത്തി. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സാമ്രാജ്യത്വ നിലപാടുകള്‍ അത്ര മാത്രം അവരെ ഭയപ്പെടുത്തിയിരുന്നു.
നാല് ദീര്‍ഘ അധ്യായങ്ങളിലാണ് പുസ്തകത്തിന്റെ ക്രമീകരണം. ബാ അലവികളുടെ ആഗമന ചരിത്രമാണ് ആദ്യ അധ്യായം. സയ്യിദ് ഫള്‌ലിന്റെ ജീവിതയാത്രകളാണ് രണ്ടാം അധ്യായം. ഇതില്‍ തുര്‍ക്കിയിലെ ഒട്ടോമന്‍ ആര്‍ക്കൈവുകളിലെ രേഖകള്‍ നന്നായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. മൂന്നാം അധ്യായം അദ്ദേഹത്തിന്റെ രചനാലോകം പരിചയപ്പെടുത്തുന്നു.
വിവിധം ഭാഷകളില്‍ പ്രസിദ്ധീകരിച്ചതും ഇതുവരെ വരെ വെളിച്ചം കാണാത്തതുമടക്കം 25 രചനകളെ അത്യാവശ്യം ദീര്‍ഘമായി തന്നെ ഇവിടെ പ്രതിപാദിക്കുന്നു. മലയാളത്തില്‍ സയ്യിദ് ഫള്‌ലിന്റെ എഴുത്തുകള്‍ കാര്യമായി ചര്‍ച്ചയില്‍ വന്നിട്ടില്ല. അതു കൊണ്ട് തന്നെ കുറെ അത്യപൂര്‍വ്വ എഴുത്ത് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന നിലയില്‍ ഈ പുസ്തകം ഏറെ വിത്യസ്തമാവുന്നു. നമുക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സൈഫുല്‍ ബത്താറിന്റെ രചനയുമായി ബന്ധപ്പെട്ട ചില നിഗമനങ്ങള്‍ തിരുത്താനുള്ള സോഴ്‌സുകള്‍ ഈ അധ്യായത്തിലുണ്ട്.
സയ്യിദ് ഫള്‌ലിന്റെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും അനാവരണം ചെയ്തുകൊണ്ടാണ് പുസ്തകം തീരുന്നത്. തുര്‍ക്കിയിയിലെ അങ്കാറ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ പ്രബന്ധമാണ് പുസ്തകത്തിന്റെ ആധാരം. അവസാന ഭാഗത്ത് കൊടുത്ത ചിത്രങ്ങള്‍ മറ്റൊരു സവിശേഷതയാണ്. മലയാളിക്കെന്നും അഭിമാനിക്കാവുന്ന ഒരിതിഹാസ പുരുഷനെ ആധികാരിക രേഖകളിലൂടെ കണ്ടെത്തുന്നു എന്നതാണ് പുസ്തകം തരുന്ന വായനാനുഭവം. 264 പുറങ്ങളുണ്ട്. ബുക് പ്ലസാണ് പ്രസാധകര്‍

---------------------------------------------

- സത്താര്‍കുറ്റൂര്‍

Readers Review

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?