ബൂത്വിയൻ ജീവിത പരിസരങ്ങളുടെ സമഗ്ര സംഗ്രഹം

2021-03-03

ബൂത്വിയൻ ജീവിത പരിസരങ്ങളുടെ സമഗ്ര സംഗ്രഹം

പക്ഷാന്തരങ്ങള്‍ക്ക് മീതേ പ്രതിഛായ വളര്‍ന്ന പണ്ഡിതനാണ് ശഹീദുൽ മിഹ്റാബ് സഈദ് റമളാൻ ബൂത്വി. മത-ഭൗതിക-ബൗദ്ധിക സംവാദങ്ങളിൽ കൃത്യവും സുതാര്യവുമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായി, ഇസ്‌ലാമിക ശരീഅത്തും ഫിഖ്ഹും സർവ്വകാലികമല്ലെന്ന് അസ്ഥാനത്തുദ്ധരിച്ചവർക്കും മദ്ഹബ് നിരാകരണത്തിന് ചൂട്ടുപിടിച്ച സലഫി ധാരകൾക്കും പ്രമാണബദ്ധമായി മറുപടി നൽകി ഗഹനമായ ഒട്ടനവധി ഗ്രന്ഥങ്ങളുടെ രചന നിർവ്വഹിച്ച് അക്കാദമിക ലോകത്ത് ശ്രദ്ധേയനായ സിറിയൻ പണ്ഡിതനും ശാഫിഈ മദ്ഹബുകാരനുമാണിദ്ദേഹം .അറബ് സുന്നി സമൂഹത്തിൽ ആഴത്തിലുള്ള സ്വാധീനം സൃഷ്ടിച്ച സൂഫിവര്യനായ ബൂത്വി പക്ഷെ മലയാള വായനാ ലോകത്ത് വളരെ വൈകിയാണ് കടന്നു വരുന്നത് .എങ്കിലും അദ്ദേഹത്തിന്റെ ഗഹനമായ പഠനഗ്രന്ഥങ്ങൾ മലയാളീകരിക്കാനുള്ള സജീവ ശ്രമങ്ങൾ നടക്കുന്നത് പ്രതീക്ഷാവഹമാണ്. അക്കൂട്ടത്തിൽ സ്ത്യു ത്യർഹമാണ് മുഹമ്മദ് ശാക്കിർ മണിയറ രചന നിർവ്വഹിച്ച ഡോ സഈദ് റമളാൻ ബൂത്വി : ജീവിതവും സംഭാവനകളും എന്ന കൃതി .വൈജ്ഞാനിക പരിസരങ്ങളുടെ സകല മണ്ഡലങ്ങളിലും അടയാളപ്പെടുത്തലുകൾ നിർവ്വഹിച്ച ബൂത്വിയുടെ ജീവിതവും ധൈഷണിക വ്യവഹാരങ്ങളും ആധികാരികമായി അടയാളപ്പെടുത്തുന്നതാണ് കൃതി. രേഖപ്പെടുത്താൻ ഏറെയുള്ള ബൂത്വിയുടെ ജീവിതം ചുരുക്കി സമഗ്രമാക്കി അവതരിപ്പിച്ചതാണ് ഈ കൃതിയുടെ പ്രസക്തി.

      ബൂത്വി എന്ന വ്യക്തിപ്രഭാവമുള്ള പണ്ഡിത പ്രതിഭയുടെ വ്യക്തിജീവിതവും കുടുംബപരിസരവുമടക്കം ബൂതിയുടെ തന്നെ ഓർമ്മകളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും സംഗ്രഹിച്ചെടുത്തുവെന്നതാണ് മലയാളത്തിലെ ഈ ബൂത്വി വായനയിലെ പുതുമ . തുര്‍ക്കിയിലെ ജൂലൈക്കയിൽ ജനിച്ച ബൂത്വി പിതാവിനോടൊപ്പം ദമസ്‌കസിലേക്ക് പലായനം ചെയ്ത് ദമസ്‌കസിലെ മതവിദ്യാലയങ്ങളില്‍ നിന്ന് മത പഠനം നടത്തി  
പിന്നീട് ഉപരിപഠനങ്ങള്‍ക്കായി ഈജിപ്തിലെ അല്‍ അസ്ഹറിലേക്ക് പോവുകയും ഡോക്ടറേറ്റ് നേടിയതടക്കം ബൂത്വിയെ രൂപപ്പെടുത്തിയ ബാല്യാനുഭവങ്ങളും പഠന കാലവും നാട്ടുപരിസരങ്ങളുമാണ് കൃതിയിലെ പ്രഥമ അധ്യായങ്ങൾ .
        
ബൂത്വിയൻ ചിന്തകളുടെ തസവ്വുഫീ നിലപാടുകളുടെ വിവരണങ്ങളും വസ്തുതാപരമാണ്. പറഞ്ഞു പതിഞ്ഞ സൂഫീ ധാരണകളെ ഉടച്ചുവാർക്കുന്നതാണ് ബൂത്വിയുടെ നിലപാടുകളോരോന്നും. സൂഫികൾ നുബുവ്വത്തിനെ പ്രതിനിധീകരിക്കുന്നവരാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ് : " വഹ് യില്ല എന്നതൊഴിച്ചിൽ ശരിയായ നുബുവ്വത്താണ് സൂഫിസം .പക്ഷെ ഒരു മുർശിദിന്റെ നിബന്ധനങ്ങൾ ഒക്കാതെ അയാളുടെ വേഷം കെട്ടുന്നത് തെറ്റാണ് " .
ത്വരീഖത്തിന്റെ അന്തസത്തയേയും തിരുത്തുന്നുണ്ട് ബൂത്വി : "ജനങ്ങളുമായുള്ള സമ്പർക്കം ദൈവസ്മരണയിൽ നിന്നും പിന്തിരിക്കുമെന്ന് ധരിച്ച് ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കലല്ല പരിത്യാഗം , ചിലർ പതിവാക്കുന്ന പ്രസ്തുത രീതി പണ്ഡിതർക്ക് ഉചിതവുമല്ല. അതാണ് തർബിയത്തെന്ന് വിശ്വസിക്കുന്നത് വങ്കത്തമാണ് " . തസവ്വുഫിന്റെ വിവിധ തലങ്ങളെ നിരീക്ഷണ വിധേയമാക്കുന്ന ബൂത്വിയുടെ ജീവിതം ആത്മീയതയിലധിഷ്ഠിതമായിരുന്നു .ബൂത്വിയുടെ അത്തരം ജീവിതപരിസരങ്ങളും ഗ്രന്ഥകാരൻ ഉദ്ധരിക്കുന്നുണ്ട്. 
 
      മതവും വിശ്വാസവും ചരിത്രവും തത്വചിന്തയും ശാസ്ത്രവുമടക്കം വിവിധ വിഷയങ്ങളൽ ബൂത്വി രചിച്ച അറുപതോളം ഗ്രന്ഥങ്ങളുടെ ഉള്ളടക്കവും കണിശതയുടെ നിലപാടുതറയിൽ ബൂത്വി സ്വീകരിച്ച കാഴ്ച്ചപ്പാടുകളുമാണ് കൃതിയുടെ മർമ്മഭാഗവും . സയണിസം , പടിഞ്ഞാറ് , സലഫിസം , മദ്ഹബ് നിഷേധം , മുസ്ലിം സ്ത്രീ , ഹിജാബ് , ജിഹാദ് , ആഗോളവത്കരണം തുടങ്ങി ബൂത്വി നിരന്തരം ഇടപെടുകയും സംവദിക്കുകയും ചെയ്ത വിഷയങ്ങളെല്ലാം രചനകളിലും കടന്നുവരുന്നുണ്ട്.
കര്‍മ്മശാസ്ത്രമായിരുന്നു ബൂത്വിയുടെ ഇഷ്ട പഠനശാഖ. കര്‍മ്മശാസ്ത്ര രംഗത്ത് ബൂത്വിയുടെ ശ്രദ്ധേയമായൊരു ഇടപെടല്‍ ‘ഫിഖ്ഹുല്‍ അഖല്ലിയാത്’ എന്ന നൂതന സംജ്ഞയെ കേന്ദ്രീകരിച്ചാണ്.
‘നിദാനശാസ്ത്രത്തെ പരിഷ്കരിക്കുന്നതിലെ പ്രശ്നങ്ങള്‍’ എന്ന മറ്റൊരു കൃതി ഇസ്ലാമിക ഫിഖ്ഹിനെ കാലത്തിനനുസരിച്ച് പുനര്‍വ്യാഖ്യാനിക്കണമെന്ന് വാദിക്കുന്നവര്‍ക്കെതിരെയുള്ള ഖണ്ഡനമാണ്. പരമ്പരാഗതമായി മുസ്ലിംകള്‍ പിന്തുടരുന്ന മദ്ഹബുകളുടെ ഇമാമുമാരുടെയും മദ്ഹബുകളെ വ്യാഖ്യാനിച്ച പണ്ഡിതന്മാരുടെയും കണ്ടെത്തലുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ച് പുതുതായി ഉയര്‍ന്നു വരുന്ന പ്രശ്നങ്ങളുടെ മതവിധി തേടുന്നതിനെ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ കര്‍മ്മശാസ്ത്രത്തിന് പുതിയ ഉപാധികളും മാനകങ്ങളും വച്ച് നവംനവങ്ങളായ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താവുന്നതാണ് എന്ന തിയറി ബൂത്വി നിശിതമായി വിമര്‍ശിക്കുന്നു. പരിഷ്കരണം മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നുള്ള അകലലാണ്. കര്‍മ്മ ശാസ്ത്രത്തിന് സമകാലിക വായനയും (ഖിറാഅല്‍ മുആസിറ) പുതുവായനയും (ഖിറാഅല്‍ ജദീദ) വേണമെന്ന് വാദിക്കുന്നവര്‍ മതത്തെ ആധുനികവത്കരിക്കാന്‍ തിടുക്കം കൂട്ടുന്നവരാണെന്ന പക്ഷമാണ് ബൂത്വിയുടേത് .
പരമ്പരാഗത ഇസ്ലാമിക ജ്ഞാന സ്രോതസ്സുകളിൽ ഊന്നി നിന്ന് ആധുനിക ഗവേഷണ സങ്കേതങ്ങളുടെ വെളിച്ചത്തിൽ മതമീംമാസാ തത്വങ്ങൾ വിശകലനം ചെയ്യുന്ന ബൂത്വിയുടെ ഗ്രന്ഥമാണ് കുബ്റൽ യഖീനിയ്യാത്ത് അൽ കൗനിയ്യ.
പ്രമാദമായ മറ്റൊരു കൃതി 'അൽ ജിഹാദു ഫിൽ ഇസ്ലാം' ആണ് . ബൂത്വി കൂടുതല്‍ വിമർശിക്കപ്പെട്ടത് ഈ കൃതിയുടെ പേരിലാണെന്ന് പറഞ്ഞാൽ തെറ്റാവില്ല. സിറിയയിലെ പള്ളിയില്‍ അധ്യാപനം നടത്തുന്നതിനിടെ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടാൻ പോലും പുസ്തകം കാരണമാണ്. പ്രമാണങ്ങളുടെ വെളിച്ചത്തില്‍, ഇസ്ലാം മുന്നോട്ട് വെക്കുന്ന സമാധാന പാഠങ്ങൾ മനോഹരമായി വരച്ചിടുകയും ഏറെ തെറ്റിദ്ധരിക്കപ്പെട്ട ജിഹാദിനെ ശരിയായ ദിശയില്‍ ബൂത്വി വിശകലനം നടത്തുകയും ചെയ്യുന്നുണ്ട്.
   ‘ലാ മദ്ഹബിയ്യ’ എന്ന ഗ്രന്ഥത്തില്‍ പരമ്പരാഗത പണ്ഡിതന്മാരെ നിരാകരിക്കുന്ന സലഫിനിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മദ്ഹബുകളുടെ പ്രാമാണികതയെ എതിര്‍ക്കുകയും ഇജ്തിഹാദ് നവയുഗത്തിലും സാധ്യമാണെന്ന് വാദിക്കുകയും ചെയ്യുന്ന സലഫി പ്രസ്ഥാനത്തെ ‘ മൗലികതയില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും വ്യതിചലിച്ച, അവധാനത നഷ്ടപ്പെട്ട വിഭാഗം’ എന്നാണ് ബൂത്വി വിശേഷിപ്പിച്ചത്.
അല്ലാമാ ഇഖ്ബാലിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ഫിക്ഷനിലുള്ള വാസനയും താല്‍പര്യവും
ശ്രദ്ധേയമാണ് . 1955-65 കാലത്ത് ഡസന്‍ കണക്കിന് കുര്‍ദിഷ് കവിതകളും നോവലുകളും അദ്ദേഹം അറബിയിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്.1957ല്‍ ബൂത്വി വിവര്‍ത്തനം ചെയ്ത, കുര്‍ദിഷ് സാഹിത്യത്തിലെ ക്ലാസിക് നോവലായ ‘സനി മെമൂസിന്‍’ അറേബ്യന്‍ ലോകത്ത് വന്‍ പ്രചാരം നേടുകയുണ്ടായി.
ഇത്തരം സകല ജ്ഞാനശാഖകളിലും ഇടപെടലുകൾ നടത്തി സമഗ്രമായ അടയാളപ്പെടുത്തലുകൾ നിർവ്വഹിച്ച ബൂത്വിയുടെ ബൃഹത്തായ എല്ലാ ഗ്രന്ഥങ്ങളെയും പരിചയപ്പെടുത്തുക ശ്രമകരമാണ്. ഒരു പരിധിവരെ സമഗ്രമായി സംഗ്രഹിച്ച ഉള്ളടക്കത്തോടെ ഗ്രന്ഥകാരൻ അത് നിർവ്വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തും കയ്യൊപ്പു ചാർത്തിയ ബൂത്വിയുടെ ഏകദേശം മുഴുവൻ രചനകളേയും സബ്ടൈറ്റിൽ നൽകി വേർതിരിച്ചത് വായനക്ക് സൗകര്യപ്രദമാണ് .
സിറിയൻ കലാപവും ബൂത്വിയുടെ വഫാത്തും അതിന് കാരണമായ അദ്ദേഹത്തിന്റെ നിലപാടുമാണ് അവസാന അധ്യായങ്ങളിൽ . ഭരണകൂടത്തിനെതിരായ സായുധകലാപം വിദേശ ശക്തികള്‍ക്ക് കടന്നുവരാനുള്ള അവസരമാകുമെന്നും ജനാധിപത്യത്തെ അട്ടിമറിക്കുന്ന വിപ്ലവങ്ങള്‍ ഇസ്‌ലാമികമാവില്ലെന്നുമായിരുന്നു സിറിയന്‍ വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ, മുല്ലപ്പൂ വിപ്ലവത്തിന്റെ നാളുകളില്‍ ബൂത്വി ഇത് പറഞ്ഞപ്പോള്‍ പാന്‍ ഇസ്‌ലാമിസ്റ്റുകള്‍ അദ്ദേഹത്തിന്റെ രക്തത്തിന് വില പറയുകയായിരുന്നു. കര്‍മശാസ്ത്രമനുസരിച്ച് കൊണ്ടണ്ടുള്ള നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ‘ലാ മദ്ഹബിയ്യ അഖ്ത്വറു ബിദ്അതിന്‍ തുഹദ്ദിദുശ്ശരീഅതല്‍ ഇസ്‌ലാമിയ്യ’ എന്ന വിഖ്യാത ഗ്രന്ഥമായിരുന്നു അദ്ദേഹത്തിന്റെ പ്രാക്ടിക്കല്‍ രാഷ്ട്രീയം.
അതിനാല്‍ അസദിനെതിരെ അദ്ദേഹം കലാപം അരുതെന്ന് പറഞ്ഞു. ഭരണാധികാരി പരസ്യമായി സത്യനിഷേധത്തിന് മുതിരുകയോ നിസ്‌കാരം നിരോധിക്കുകയോ ചെയ്യാത്ത കാലത്തോളം ഭരണാധികാരിയെ അയാള്‍ അക്രമകാരിയാണെങ്കിലും അനുസരിക്കണമെന്നാണ് കര്‍മശാസ്ത്രം പഠിപ്പിക്കുന്നത്.അസദിനെതിരെ കലാപം അരുതെന്ന് പറഞ്ഞത് അക്രമ ഭരണത്തിനുള്ള ഗുഡ് സർട്ടിഫിക്കറ്റായിരുന്നില്ല.വിമതവിപ്ലവം കൂടുതൽ വിനകൾ ക്ഷണിച്ചു വരുത്തുമെന്ന ബൂത്വിയുടെ ദീർഘവീക്ഷണം അസദിനോടുള്ള അച്ചാരപ്പറ്റായി വായിച്ച ചിലരുടെ അൽപ്പബുദ്ധിയാണ് ശരിക്കും അമളി. ഇത്തരം രാഷ്ട്രീയ വികല്‍പ്പങ്ങളിലേക്ക് ചുവടു പിഴക്കാതിരിക്കാന്‍ മതകീയ സ്വയം ഗവേഷണങ്ങള്‍ മാറ്റിവച്ച് കര്‍മ ശാസ്ത്രപരമായ മദ്ഹബുകള്‍ സ്വീകരിക്കേണ്ടണ്ടതുണ്ടെന്നാണ് ബൂത്വി നിരീക്ഷിച്ചത് .
ജുമുഅ ഖുതുബകളിൽ പോലും ബൂഥ്വി നിലപാടുകൾ ഉണർത്തി - " സ്വന്തം ജനത കരയുമ്പോഴാണ് ആയുധമെടുക്കേണ്ടത് അവരെ കരയിക്കാനല്ല. രാജ്യത്ത് കലഹമുണ്ടാക്കുന്നവരുടെ ആഹ്വാനങ്ങൾക്ക് ചെവി കൊടുക്കരുത് " 
മിതവാദമാണ് മത വാദമെന്നും മദ്ഹബുകളുടെ അനുധാവനം സമാധാന രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്നും അദ്ദേഹം പറയാതെ പറഞ്ഞു.
   കണിശതയുടെ നിലപാടുതറയിൽ യൂസുഫുൽ ഖറദാവി അടക്കമുള്ള സലഫി - ഇഖ്വാനി പണ്ഡിതരോടും ബൂത്വിക്ക് നിരന്തരം കലഹിക്കേണ്ടി വന്നു. 
ഒടുവിൽ നിലപാടിന് സ്വജീവനും നൽകി .2013 മാര്‍ച്ച് 21ന് മതാധ്യായനം നടത്തിക്കൊണ്ടണ്ടിരിക്കവേയാണ് ചാവേറാക്രമണത്തില്‍ വധിക്കപ്പെടുന്നത്.സിറിയൻ ആഭ്യന്തര കലഹം പതിറ്റാണ്ടുകൾ തികയുമ്പോൾ ബൂത്വിയുടെ പ്രാക്ടിക്കൽ രാഷ്ട്രീയം കുടുതൽ പ്രസക്തമാവുകയാണ് . ബൂത്വിയായിരുന്നു ശരിയെന്ന് കാലം സാക്ഷിയാവുകയാണ് .
ബൂത്വിയൻ ചിന്തകളുടെ സൗന്ദര്യം മലയാള വായന അറിഞ്ഞ് തുടങ്ങുന്നേയുള്ളൂ. വൈകിയാണെങ്കിലും ശാക്കിർ മണിയറയുടെ ശ്രമം ശ്ലാഘനീയമാവുന്നതവിടെയാണ് .ബൂത്വിയുടെ തന്നെ ഓർമ്മകളിൽ നിന്നുള്ള കുറിപ്പുകളും ആധികാരികവും കൃത്യവുമായ റഫറസുകളും പുസ്തകത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ബൂത്വി കൃതികളുടെ മലയാളീകരണങ്ങൾക്ക് മുമ്പിൽ നിൽക്കുന്ന ബുക്ക് പ്ലസിന്റെ ദൗത്യങ്ങളും സ്തുത്യർഹമാണ് .
സഈദ് പി.കെ പൂനൂർ 

Readers Review

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?