പൊള്ളുന്ന പ്രവാസത്തിന്റ‍ കഥാപുസ്തകം

2021-02-23

പ്രവാസത്തിൻ്റെ തീക്ഷ്ണ യാഥാർത്ഥ്യങ്ങളെ സർഗാത്മകമായി അടയാളപ്പെടുത്തുന്ന ധാരാളം രചനകൾ ഇതിനകം മലയാളത്തിലുണ്ടായിട്ടുണ്ട് വിരഹ നൊമ്പരങ്ങൾ കോറിയിട്ട കത്ത് പാട്ടുകളിലൂടെയാണു ഒരുകാലത്ത് മലയാളി പ്രവാസജീവിതത്തിൻ്റെ നോവറിഞ്ഞത്. കഥകളിലും നോവലുകളിലും ലേഖനങ്ങളിലുമെല്ലാം പ്രവാസികളുടെ വിധിയും ത്യാഗവും വിരഹവും പ്രണയവും ഗൃഹാതുരത്വവും ധാരാളമായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. പ്രവാസമെന്ന മായികലോകത്തിനപ്പുറം അതിജീവനത്തിനായി പൊരുതുന്ന പച്ച മനുഷ്യരുടെ ജീവിതാനുഭവങ്ങൾ ഇവയിൽ ധാരാളമായി കാണാം. ഏറനാടൻ ഭാഷാശൈലികൊണ്ട് മലയാള സാഹിത്യലോകത്ത് തൻ്റെ സ്ഥാനം അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് അബു ഇരിങ്ങാട്ടിരി. ലളിതമായ ആഖ്യാനശൈലിയും കഥാപാത്രങ്ങളുടേയും വിഷയങ്ങളുടേയും വൈവിധ്യവും അബുവിൻ്റെ കഥകളുടെ സവിശേഷതയാണ്. കാൽനൂറ്റാണ്ടു കാലത്തെ തൻ്റെ ഗൾഫ് പ്രവാസത്തിനിടയ്ക്ക് എഴുതിയ ഏതാനും പ്രവാസകഥകളുടെ മനോഹരമായ സമാഹരമാണ് ചെമ്മാട്ടെ ബുക് പ്ളസ് ഈയിടെ പുറത്തിറക്കിയ അബു ഇരിങ്ങാട്ടിരിയുടെ "എൻ്റെ പ്രവാസ കഥകൾ". പന്ത്രണ്ട് പ്രവാസ കഥകൾ അടങ്ങിയ ഈ കൃതിക്ക് ഇന്നേറെ പ്രസക്തിയുണ്ടെന്ന് ഈ പുസ്തകത്തിലെ ഓരോ കഥയും വായനക്കാരെ ബോധ്യപ്പെടുത്തുന്നു.പ്രവാസികളുടെ അനുഭവ പരിസരത്ത് നിന്നെടുത്ത ചുട്ടുപൊള്ളിക്കുന്ന കഥകളാണു ഈ പുസ്തകത്തിലുൾക്കൊള്ളിച്ചിരിക്കുന്നത്. പ്രവാസിയുടെ സ്വത്വ പ്രതിസന്ധിയും ജീവിതാകുലതകളും നിസ്സഹായതയും നിഷ്കളങ്കതയും ഇതിൽ മനോഹരമായി വരച്ചു വെയ്ക്കപ്പെട്ടിരിക്കുന്നു. സാധാരണ പ്രവാസിയുടെ അസാധാരണ കഥകളാണ് അബുവിൻ്റെ "എൻ്റെ പ്രവാസ കഥകൾ" എന്ന കഥാസമാഹാരത്തിലുള്ളത്. മുപ്പത് വർഷത്തെ വിദേശവാസത്തിനു ശേഷം തിരിച്ചെത്തി വാർധക്യത്തിലും അടങ്ങിയിരിക്കാത്ത "അയാളുടെ" ജീവിത മുഹൂർത്തങ്ങളുടെ മനോഹരവും കൊതിയൂറുന്നതുമായ ആവിഷ്കാരമാണു 'കാറ്റോളം' എന്ന ആദ്യ കഥ. മരണം ഒളിച്ചു കളിക്കുന്ന ഈ കഥയുടെ അവസാനത്തിൽ അനിവാര്യമായ മരണത്തിനു മുമ്പിൽ നിവർന്നു കിടക്കുന്ന ഈ പ്രവാസി പലരുടേയും പ്രതീകമാണ്. ഈ സമാഹാരത്തിലെ പല കഥകളിലും ഇതുപോലെ പതിഞ്ഞെത്തുന്ന മൃതിയുടെ നിശ്ശബ്ദസാന്നിദ്ധ്യം കാണാം.പ്രവാസമെന്നത് ആത്മഹത്യയാണെന്ന് "അയലിൽ ഒരു കോഴി" എന്ന കഥയിൽ കഥാകൃത്ത് സരസമായി പറയുന്നുമുണ്ട്. മാത്രവുമല്ല, സാമ്പത്തിക പ്രതിസന്ധികളെ സമർത്ഥമായി മറികടക്കാൻ കഴിയുന്ന പ്രവാസി, മാനസിക പ്രതിസന്ധികൾ മറികടക്കാനാവതെ നിസ്സഹായനാവുന്നതും ഇടറിവീഴുന്നതും ഇക്കഥയിൽ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നതും കാണാം. സാധാരണക്കാരനായ ഒരു പ്രവാസിയുടെ പൊള്ളുന്ന ജിവിതത്തിൻ്റെ നേർചിത്രമാണ് "പൊള്ളലുകൾ" എന്ന കഥ വായനക്കാരന് നൽകുന്നത്. നീണ്ട പ്രവാസത്തിനിടക്ക് പിറന്ന നാടിൻ്റെ മാറ്റമറിയാതെ നാടിനെക്കുറിച്ചുള്ള ഗൃഹാതുരമായ ഓർമ്മകളിൽ ജീവിക്കുന്ന സുഭദ്രൻ ഒരു ശരാശരി പ്രവാസിയുടെ പ്രതിനിധിയാണ്. അവധിക്ക് നാട്ടിലെത്തുന്ന സുഭദ്രൻ പുതിയ ലോകത്തിൻ്റെ ജീവിതവീക്ഷണമറിയാതെ നിസ്സഹായനാകുന്നതും സ്വന്തം മകൾക്ക് പോലും അന്യനാകുന്നതും വായിച്ചു തീരുമ്പോൾ പ്രവാസി അല്ലാത്തവരുടെ മനസ്സു പോലും പൊള്ളും. അവധി കഴിഞ്ഞ് വീണ്ടും പ്രവാസത്തിൻ്റെ മരവിപ്പിലേക്ക് എടുത്തെറിയപ്പെടുന്ന സുഭദ്രൻ നേരിടുന്ന ദുരന്തവും അദ്ദേഹത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ആസ്വാദകരെ പൊള്ളിച്ചെടുക്കും. പേരു പോലെ കൗതുകമുണർത്തുന്ന മറ്റൊരു മികച്ച കഥയാണ് "അതിശയ നക്ഷത്രമായി ലോപ്പസ് ". പാപങ്ങൾ നിറഞ്ഞ ജീവിതമാഗ്രഹിക്കുന്ന ലോപ്പസിൻ്റെ സ്വപ്നങ്ങളിലൂടെ ഇതൾ വിരിയുന്ന ഈ കഥയിൽ കണ്ണീർ കരുത്താക്കുന്ന ചിന്നമ്മയേയും പ്രായോഗികതയുടെ പ്രതീകമായ സുനിലയെയും കാണാം. ഏറനാടൻ ക്രിസ്തീയ കുടിയേറ്റ ജീവിത പരിസരത്തിൽ നിന്നടർത്തിയെടുത്ത ഈ കഥയിൽ ബൈബിൾ വചനങ്ങളുടെ തിളക്കവും മുഴക്കവും ദർശിക്കാനാവും. അർദ്ധരാത്രിയിൽ ബൈബിൾ വചനങ്ങളുടെ ഈണവുമായ് സുനിലയുടെ മൊബൈൽ ശബ്ദിക്കുമ്പോൾ മരണത്തിൻ്റെ ചിറകടിയൊച്ച കേട്ട് വായനക്കാരനും അസ്വസ്ഥരാകും.. സന്നദ്ധ സംഘടനകളുടെ കാരുണ്യം കൊണ്ട് നാട്ടിലെത്തിയ ഒരു " മുൻപ്രവാസി" യുടെ മനോവിചാരങ്ങളുടെ കഥയാണ്" ഒരു ഇര രക്ഷപ്പെടുകയാണ്" എന്ന രചന. സാഹിത്യത്തിലെ നൈതികത ചോദ്യം ചെയ്യുന്ന ഈ കഥയിൽ കഥാകൃത്തിൻ്റെ ധർമ്മരോഷവും എഴുത്തുകാരോടുള്ള പ്രസാധകരുടെ വഞ്ചനയും വായിച്ചെടുക്കാം. സാഹിത്യത്തിൻ്റെ ഓരം ചേർന്ന് നടക്കുന്ന കള്ളനാണയങ്ങളേ നർമ്മത്തിൽ പൊതിഞ്ഞ് വിചാരണചെയ്യുകയാണിവിടെ. ജീവിതവും മരണവും പീലിവിടർത്തിയാടുന്ന മനോഹരമായ ഒരു കഥയാണ് "പങ്കുവയ്ക്കാൻ പറ്റാത്ത ചില ദൃശ്യങ്ങൾ". മനുഷ്യ സൗഹൃദത്തിൻ്റെ ആഴവും പരപ്പും തലമുറകളുടെ വിടവുമെല്ലാം ഇതിൽ തെളിഞ്ഞു കാണാം. പഴയ ഓർമ്മകളുടെ ചിതറിയ ചിന്തുകൾ തുന്നിപ്പിടിപ്പിച്ചെഴുതിയ ഈ കഥ ഏറെ മികച്ച രചനയാണ്. അധിനിവേശത്തിനെതിരെ ധീരമായി പോരാടിയ പൂർവ്വികർ അടുത്ത തലമുറയ്ക്ക് സ്വാതന്ത്ര്യത്തിൻ്റെ ശുദ്ധവായുവാണ് നൽകിയത്. എന്നാൽ, അവരെ പട്ടിണിയിൽ നിന്ന് സമൃദ്ധിയിലേക്കും വിദ്യാഭ്യാസത്തിൻ്റ പുതിയ ചക്രവാളങ്ങളിലേക്കും നയിച്ചത് പ്രവാസിയുടെ വിയർപ്പ് കൂടിയാണെന്ന സത്യം ചേതോഹരമായി പറയുന്ന ഹൃദ്യമായ കഥയാണ് തിരി. വരാനിരിക്കുന്ന നല്ല നാളെയെക്കുറിച്ചുള്ള പ്രതിക്ഷകളാണു ഓരോ പ്രവാസിയേയും വർഷങ്ങൾ നീളുന്ന ദുരിതപർവ്വം താണ്ടാൻ കരുത്ത് നൽകുന്നത്. സ്വയം എരിയുമ്പോഴും നാട്ടിലുള്ള തൻ്റെ കുടുംബം സന്തോഷത്തിലാണല്ലോ എന്ന സമാധാനത്തിൻ്റെ തലോടലിലാണ് അയാളുറങ്ങുന്നത്.ഇരുപത്തിയേഴ് വർഷത്തെ വിദേശവാസത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ ഹംസക്കുട്ടി നാടണയുന്ന ദിവസം തന്നെ വീട്ടിൽ നിന്ന് ലഭിക്കുന്ന അവഗണന തിരിച്ചറിയുന്നു. നാട്ടിലും അപരിചിതനാകുന്ന അയാൾ എല്ലാം നിസ്സംഗമായി നേരിടാൻ ശ്രമിക്കുന്നതും അവസാനം മരണത്തിനു കീഴടങ്ങുന്നതും "തിരി"യിൽ സുന്ദരമായി അബു പറഞ്ഞു വെക്കുന്നു. കഴിഞ്ഞ കാല പിഴവുകളാൽ സദാ വേട്ടയാടപ്പെടുന്ന പ്രവാസി അതിനെതിരെ ചലിക്കാനാവാതെ ജീവിക്കുന്നതും വരും കാലത്തേക്ക് ഒന്നും കരുതി വെയ്ക്കാതെ ജീവിതം സ്വയം നഷ്ടപ്പെടുത്തുന്നതും ഈ സമാഹാരത്തിലെ കഥകളിലൂടെ കഥാകൃത്ത് കാണിച്ചു തരുന്നു. ജീവിതത്തിൻ്റെ ദുരിതക്കയങ്ങൾ താണ്ടി നാട്ടിലെത്തുന്നവരെ കാത്തിരിക്കുന്നത് സ്വപ്നം കണ്ട ലോകമല്ലെന്നും അവഗണനയും ഏകാന്തതയും മരണഭീതിയും രോഗങ്ങളും മാത്രമാണെന്നും ഈ പന്ത്രണ്ടു കഥകളും നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു. അതു കൊണ്ടു തന്നെ ഈ സമാഹാരം പൊള്ളുന്ന പ്രവാസത്തിൻ്റെ പുസ്തകമാണെന്ന് നിസ്സംശയം പറയാം. എൻ്റെ പ്രവാസ കഥകൾ
അബു ഇരിങ്ങാട്ടിരി
പ്രസാ: ബുക് പ്ലസ്, ചെമ്മാട്
പേജ്: 104, വില: 120 രൂപ കബീർ മുഹ്സിൻ
9207846375

Readers Review

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?